തിരുവനന്തപുരം: അനന്തപുരിയിലെ കായിക പൂരത്തിന്റെ ട്രാക്ക് & ഫീല്‍ഡിനെ ഉണര്‍ത്തിയത് പാലക്കാടന്‍ കാറ്റിന്റെ ഇരമ്പല്‍... ചാറ്റല്‍ മഴത്തുള്ളികള്‍ വേഗതയുടെ കരുത്തില്‍ വകഞ്ഞു മാറ്റി പാലക്കാടന്‍ പിള്ളേര് ഓടിയെടുത്തതെല്ലാം പൊന്നും വെള്ളിയും. കായികമേളയുടെ രണ്ടാം ദിനമായ ഇന്നലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കു തുടക്കം കുറിച്ച് അരങ്ങേറിയ ദീര്‍ഘ ദൂര ഇനങ്ങളില്‍ പാലക്കാടന്‍ ആധിപത്യം. 3000 മീറ്ററിന്റെ നാലിനങ്ങളിലായി മൂന്ന് വെള്ളിയും ഒരു വെങ്കലവും പാലക്കാട് സ്വന്തമാക്കി.
മേളയിലെ ആദ്യ ഇനമായ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്കൂളിലെ എം. ഇനിയ സ്വര്‍ണം നേടി. പാലക്കാടിന്റെ തന്നെ ജി. അക്ഷയ വെള്ളി കരസ്ഥമാക്കി. തൊട്ടുപിന്നാലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും സ്വര്‍ണവും വെള്ളിയും പാലക്കാടിനുതന്നെ. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരട്ടനേട്ടം കൈവരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്. ജഗന്നാഥന് സ്വര്‍ണവും പ്ലസ് ടുക്കാരനായ ബി. മുഹമ്മദ് ഷബീര്‍ വെള്ളിയുമണിഞ്ഞു.
3000 മീറ്റര്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്കൂളിലെ എസ്. അര്‍ച്ചന സ്വര്‍ണം കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഇതേ ഇനത്തില്‍ അര്‍ച്ചനയായിരുന്നു ജേതാവ്. ഈ ഇനത്തില്‍ വടവന്നൂര്‍ വിഎംഎച്ച്എസ്എസിലെ എം. അഭിശ്രീ വെങ്കലം നേടിയപ്പോള്‍ പാലക്കാടിന്റെ അക്കൗണ്ട് വീണ്ടും വീര്‍ത്തു.
3000 മീറ്റര്‍ ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും സ്വര്‍ണവും വെള്ളിയും പാലക്കാടന്‍ താരങ്ങള്‍ കൈവിട്ടില്ല. പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സി.പി. ആദര്‍ശ് സ്വര്‍ണവും ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ സി.വി. അരുള്‍ വെള്ളിയും സ്വന്തമാക്കി.